
ദോഹ:ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയയുടെ തീരദേശ എണ്ണ/വാതക പര്യവേക്ഷണത്തിൽ സാന്നിധ്യം ശക്തമാക്കി ഖത്തറിലെ പ്രമുഖ പൊതുമേഖലാ ഊർജ്ജ കമ്പനിയായ ഖത്തർ എനർജി. ഷെവ്റോണിന്റെ (Chevron) അനുബന്ധ കമ്പനിയിൽ നിന്ന് നമീബിയയിലെ ഓഫ്‌ഷോർ പര്യവേക്ഷണ ലൈസൻസിന്റെ 25 ശതമാനം ഓഹരി സ്വന്തമാക്കാൻ കമ്പനി കരാറിലെത്തി.
ഖത്തർ ന്യൂസ് ഏജൻസി (QNA) വഴി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. നമീബിയൻ തീരത്തെ ലൈസൻസ് 82 (PEL82) ന് കീഴിലുള്ള 2112B, 2212A എന്നീ ബ്ലോക്കുകളിലാണ് ഖത്തർ എനർജി പങ്കാളിത്തം നേടുന്നത്.
പുതിയ കരാർ പ്രകാരം ഷെവ്റോൺ കമ്പനി 55% ഓഹരികളോടെ പദ്ധതിയുടെ പ്രധാന ഓപ്പറേറ്ററായി തുടരും. നമീബിയയുടെ ദേശീയ എണ്ണ കമ്പനിയായ 'നാംകോർ' (NAMCOR), 'കസ്റ്റോസ് എനർജി' (Custos Energy) എന്നിവയ്ക്ക് 10% വീതം ഓഹരി പങ്കാളിത്തമുണ്ടാകും.
നമീബിയൻ തീരത്ത് 350 മുതൽ 2,300 മീറ്റർ വരെ ആഴത്തിലുള്ള കടൽ മേഖലയിൽ ഏകദേശം 11,444 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പര്യവേക്ഷണ പ്രദേശം വ്യാപിച്ചുകിടക്കുന്നത്.
ഷെവ്റോണുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാനും അന്താരാഷ്ട്ര തലത്തിൽ പര്യവേക്ഷണ ശൃംഖല വികസിപ്പിക്കാനും ഈ കരാർ സഹായിക്കുമെന്ന് ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയും ഖത്തർ ഊർജ്ജ സഹമന്ത്രിയുമായ സാദ് ബിൻ ഷെരീദ അൽ കഅബി വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറിൽ അംഗോളയിലെ 8, 22 ബ്ലോക്കുകളുടെ പര്യവേക്ഷണത്തിനായി ഷെൽ, സോനംഗോൾ എന്നിവരുമായി ചേർന്ന് ഖത്തർ എനർജി പ്രാഥമിക കരാറിൽ ഒപ്പുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളിലൊന്നായ ഖത്തറിലെ നോർത്ത് ഫീൽഡിന്റെ വികസന ചുമതലയും ഖത്തർ എനർജിക്കാണ്.










